നിലന്പൂർ: പാത്തിപ്പാറയിൽ ചെമ്മണ്ണ് കടത്താൻ ഉപയോഗിച്ച ജെസിബിയും രണ്ട് ടിപ്പർ ലോറികളും പിടികൂടി പൊലിസ്. രഹസ്യവിവരത്തെ തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
ജിയോളജി വകുപ്പിന് റിപ്പോർട്ട് കൈമാറി. നിലന്പൂർ മേഖലയിൽ ചെമ്മണ്ണ്, മണ്ണ് കടത്തൽ എന്നിവ സജീവമാണ്. റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടെ ഒഴിവ് ദിവസങ്ങളിലാണ് ജെസിബി ഉപയോഗിച്ച് കുന്നിടിച്ച് ചെമ്മണ്ണും മണ്ണുമെല്ലാം കടത്തുന്നത്.
പാടങ്ങൾ ഉൾപ്പെടെ നികത്താനാണ് മണ്ണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ കുന്നിടിച്ച് മണ്ണ് കടത്തുകയും നിരവധി പാടങ്ങൾ മണ്ണിട്ട് നികുത്തുകയും ചെയ്ത പ്രദേശമാണ് നിലന്പൂർ. ഒഴിവ് ദിവസങ്ങളിൽ വിളിച്ചാൽ റവന്യു ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഫോണ് എടുക്കാറില്ലെന്ന ആക്ഷേപമുണ്ട്.